Tuesday, October 28, 2008
ചില ആണവക്കരാറ് സംശയങ്ങള്
കുറച്ച് ദിവസം മുന്പ് NDTV ലേഖകന് GE തലവനുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള് വായിക്കനിടയായി. ഇന്തോ-യു.എസ് ആണവക്കരാറ് യാഥാര്‍ത്ഥ്യമാക്കാന് യു.എസ് ഭരണകൂടത്തിനുമേല് GE സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കരാറുമൂലം സംജാതമാകുന്ന വ്യാപാര സാദ്ധ്യതകളില് GE യുടെ താല്പര്യം സംരക്ഷിക്കാന് ഇന്ത്യന് സറ്ക്കാര് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു അഭിമുഖത്തിന്റെ ഉള്ളടക്കം. ഇത്രയും പരസ്യമായ ഒരു അവകാശവാദം കണ്ടപ്പോള് കരാറിന്റെ ഉദ്ദേശ ശുദ്ധിയെകുറിച്ച് ചില സംശയങ്ങള് തോന്നി.
കരാറ് നടപ്പാകുമ്പോള് ഉടലെടുക്കുന്ന ചില നിയമ പ്രശ്നങ്ങള് ചൂണ്ടിക്കാണിക്കുന്ന ഒരു ലേഖനം തൊട്ടടുത്ത ദിവസത്തെ 'ദി ഹിന്ദു' ദിന പത്രത്തിലും കണ്ടു. ആണവക്കരാറിന്റെ അടിസ്ഥാനത്തില് പ്രവറ്ത്തനം ആരംഭിക്കുന്ന ആണവ റീയാക്ടറുകള് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്ക്കു കാരണമായാല് പരിഹാര നടപടികളുടെ സാമ്പത്തിക ഉത്തരവാദിത്വം നിര്‍വ്വചിക്കുന്ന നിയമങ്ങള് ഇന്ന് ഇന്ത്യയില് നിലവിലില്ല. ആണവക്കരാറിനു മുന്പുള്ള ഇന്ത്യയില് അങ്ങിനെ ഒരു നിയമത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെങ്കിലും കരാറ് നടപ്പാകുന്നതോടെ സ്ഥിതി മാറും. കരാറിന്റെ അടിസ്ഥാനത്തില് സാങ്കേതികവിദ്യ കൈമാറുന്ന കമ്പനികളുടേയും അതുപയോഗിച്ച് ഊര്ജ്ജം ഉത്പാദിപ്പിക്കുന്ന കമ്പനികളുടെയും സാമ്പത്തീക ഉത്തരവാദിത്വങ്ങള് വ്യക്തമായി നിര്‍വ്വചിക്കേണ്ടി വരും. എം.കെ നാരായണന്, ഡോ. മന്മോഹന് സിംഗ്, ശിവ ശങ്കര മേനോന് തുടങ്ങിയവരുടെ കറ്മകുശലതയും കാര്യപ്രാപ്തിയും അംഗീകരിക്കുമ്പോള് തന്നെ ഇങ്ങനെ ഒരു പ്രശ്നം ഇതിനു മുന്പ് പാര്ലമെന്റിലോ മറ്റേതെങ്കിലും പൊതു വേദികളിലൊ ചറ്ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതു കരാറിന് പിന്നില് പ്രവറ്ത്തിച്ചവരുടെ വീഴ്ചയായിത്തന്നെ കാണേണ്ടിവരും. ഇവിടെ നിയമത്തിന്റെ അഭാവത്തെക്കാള് അങ്ങനെ ഒരു നിയമം ജനങ്ങളുടെ (ഉപഭോക്താക്കളുടെ) മേല് ചുമത്താനിടയുള്ള സാമ്പത്തിക ബാധ്യതകളെ കണ്ടില്ല അല്ലെങ്കില് കണ്ടില്ലെന്നു നടിച്ചു എന്നുള്ളതാണ് ഗൗരവമായ പ്രശനം.
സറ്ക്കാരിന്റെ വീഴ്ചകള് കോണ്ട് ഭോപ്പാല് ദുരന്തം പോലുള്ള കൈപ്പേറിയ അനുഭവങ്ങള് ഉണ്ടായിട്ടുള്ള് രാജ്യമാണ് നമ്മുടേത്. ആനിലയ്ക് സ്വകാര്യ പങ്കാളിത്തത്തോടെ ആണവ നിലയങ്ങള് നിലവില് വരുമ്പോള് അതുകൊണ്ടുണ്ടായേക്കാവുന്ന സുരക്ഷാപ്രശ്നങ്ങള് സംബന്ധിച്ച് സര്കാര് എന്ത് മുന്കരുതലുകള് എടുക്കുന്നു എന്നുള്ളത് തന്നെയാവും പൊതുജനങ്ങളുടെ മനസ്സില് ഉയരുന്ന ആദ്യത്തെ ചോദ്യം. എന്നാല് ജനങ്ങളുടെ ചോദ്യങ്ങള്ക്ക് ഉത്തരം പറയാന് ബാദ്ധ്യതയുള്ള സര്ക്കാര് കരാറിന്റെ കാര്യത്തില് പലപ്പോഴും "രാജ്യതാല്പര്യം സംരക്ഷിക്കപ്പെടും" എന്ന രണ്ട് വാക്ക് ഉത്തരം മാത്രമാണ് നല്കിപ്പോന്നിട്ടുള്ളത്. GE തലവന്റെ അവകാശവാദവും നിയമപ്രശനങ്ങളും കൂട്ടിവായിക്കുമ്പോള് കരാറിന്റെ കാര്യത്തില് ജനങ്ങളുടെ താല്പര്യത്തേക്കാള് മറ്റുപലരുടെയും വ്യാപാര താല്പര്യങ്ങള്ക്കാണ് പ്രാമുഖ്യം ലഭിച്ചിട്ടുള്ളത് എന്ന് ഒരു വ്യക്തി ചിന്തിച്ചുപോയാല് അതില് അസ്വാഭാവികത ഉണ്ടെന്ന് തോന്നുന്നില്ല. നിങ്ങള്ക്ക് എന്ത് തോന്നുന്നു?
Subscribe to:
Post Comments (Atom)
No comments:
Post a Comment